Monday, December 17, 2012

It takes two hands to clap!ബിനാലെയെക്കുറിച്ച് വന്ന പല പ്രതികരണങ്ങളും 'ഇൻസ്റ്റലേഷൻ ആർട്ടിനെ' ചുറ്റിപ്പറ്റിയായിരുന്നു. ബെർളിയെപ്പോലുള്ളവരുടെ പ്രതികരണങ്ങളിലെ സർക്കാസം ആസ്വദിക്കുമ്പോഴും ഇത്തരം പ്രതികരണങ്ങളിൽ ബിനാലെ ജനങ്ങളുടെ ദൃശ്യാനുഭങ്ങളിൽ ഉണ്ടാക്കിയ അസ്വസ്തതകൾ പ്രകടമാണ്. മലയാളി ആസ്വാദകൻ പൊതുവേ കണ്ടു ശീലിച്ച പെയിന്റിങ്, ശില്പകല, ഫോട്ടോഗ്രാഫി, വീഡിയോ തുടങ്ങിയ പരമ്പരാഗത വിഷ്വൽ മീഡിയകളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഒരു ദൃശ്യബോധത്തിൽ നിന്നാണ് ഇൻസ്റ്റലേഷൻ ആർട്ടിനോട് (പ്രതിഷ്ഠാപന കല)  ഉള്ള ഈ പ്രതികരണം എന്നതുറപ്പാണ്.  ഇത്രകാലവും നമ്മൾ കണ്ടുശീലിച്ച കല പ്രക്ഷേപണം എന്നൊരു  ദൗത്യം മാത്രമേ നിർവഹിക്കുന്നുണ്ടായിരുന്നുള്ളൂ. കലാസൃഷ്ടിയും ആസ്വാദകനും തമ്മിൽ ഏകമാനമായ ഒരു ആശയവിനിമയം മാത്രമാണ് നില നിന്നിരുന്നത്. ആസ്വാദകൻ ഒരു കാഴ്ചക്കാരൻ എന്ന നിലക്ക് മാറി നിന്ന് കാണുകയല്ലാതെ കലാസൃഷ്ടിയുമായി നേരിട്ട് ഇടപെട്ടിരുന്നില്ല എന്നാൽ സമകാലീന കലയിലെ ഭൂരിഭാഗം കലാകാരന്മാരും പ്രക്ഷേപണത്തേക്കാൾ ആസ്വാദകനുമായുള്ള 'സംഭാഷണത്തിൽ' വിശ്വസിക്കുന്നവരാണ്. അതിനാൽ തന്നെ അവർ ഇൻസ്റ്റലേഷനുകൾ, പെർഫോമൻസ് ആർട്ട് തുടങ്ങിയ കലാസങ്കല്പങ്ങളിലൂടെ  കലാസൃഷ്ടികൾ മോണോലോഗുകൾ എന്ന സ്വഭാവം വെടിഞ്ഞ് ആസ്വാദകനോട് കൂടുതൽ ഇന്ററാക്റ്റീവ് ആയ തരത്തിൽ സംവദിക്കാനും അവരെ കൂടുതൽ ഇൻവോൾവ് ചെയ്യിക്കാനും ശ്രമിക്കുന്നു.

കലാവസ്തുവിനെ എങ്ങിനെ അതിന്റെ ചുറ്റുപാടുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു, കലാസൃഷ്ടിയിൽ ഉപയോഗിച്ചിരിക്കുന്ന മറ്റീരിയലുകൾ എന്താണ്, അവ എങ്ങനെ വിന്യസിച്ചിരിക്കുന്നു എന്നതും ആസ്വാദകൻ തന്റെ ഭൗതിക സാന്നിദ്ധ്യത്തിലൂടെ (ഇത് വളരെ പ്രധാന ഘടകമാണ്) ആ കലാരൂപത്തോട് എങ്ങിനെ അനുഭവിക്കുന്നു/ പ്രതികരിക്കുന്നു എന്നതും ഇൻസ്റ്റലേഷൻ ആർട്ടിൽ പ്രധാനമാണ്. പലപ്പോഴും കാഴ്ചയെക്കൂടാതെ സ്പർശനം, മണം, ശബ്ദം എന്നിങ്ങനെ നാനാവിധം അനുഭൂതികളുടെ സാധ്യതകൾ ഇൻസ്റ്റലേഷനുകൾ പരീക്ഷിക്കപ്പെടുന്നു. ഇൻസ്റ്റലേഷൻ ആർട്ടിന്റെ നാളിന്നുവരെയുള്ള ചരിത്രത്തിൽ, സിനിമ, പെർഫോമൻസ് ആർട്ട്, ശില്പകല, തീയേറ്റർ, സെറ്റ് ഡിസൈൻ, ലാൻഡ് ആർട്ട്, വീഡിയോ, ആർക്കിടെക്ചർ എന്നിങ്ങനെ നാനാവിധത്തിലുള്ള മാധ്യമങ്ങൾ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഇൻസ്റ്റലേഷനുകളും ആസ്വാദകനിൽ ഉണ്ടാക്കുന്ന പ്രതിഫലങ്ങൾ വ്യത്യസ്ഥമാണ്. ചിലത് സ്വപ്നസദൃശ്യമായ ഒരു സാങ്കല്പിക ലോകത്തിന്റെ അനുഭൂതിയാവും തരികയെങ്കിൽ മറ്റുചിലവ കാഴ്ചക്കാരന്റെ  sense of self-presence നെയാവും സ്പർശിക്കുക. ഇനിയും ചിലത് കാഴ്ചക്കാരനെ അസ്വസ്ഥമാക്കുകയോ, ഭീതിപ്പെടുത്തുകയോ ചെയ്യുന്നു.

Zoë Sheehan Saldaña  ന്റെ ഷോപ് ഡ്രോപ്പിങ് പോലുള്ള വർക്കുകളിൽ ഒരു പടികൂടെ കടന്ന് ആസ്വാദകനെ അവന്റെ അറിവോ സമ്മതോ ഇല്ലാതെ തന്നെ കലാസൃഷ്ടിയുടെ ഭാഗമാക്കാൻ ശ്രമിക്കുകയാണ്. വേൾഡ് മാർട്ടിന്റെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഉത്പന്നങ്ങളെ, (അണ്ടർവെയറുകൾ, ഉടുപ്പുകൾ, ബാഗുകൾ) അതേ മറ്റീരിയലുകൾ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം പുന:സൃഷ്ടിക്കുകയും (hand made) പിന്നീട് അവ കടയിലേക്ക് തിരിച്ചു ചെന്ന് സമാനമായ മറ്റു  ഉത്പന്നങ്ങളോടൊപ്പം തിരിച്ചു വെക്കുകയും ചെയ്യുന്നു. പിന്നീട് അതു വാങ്ങി ഉപയോഗിക്കുന്നവർ  തന്നെ അറിയുന്നില്ല, മാസങ്ങളോളം പണിപ്പെട്ട് തുന്നിയുണ്ടാക്കിയ കലാസൃഷ്ടികൾ ആണ് അവർ ഉപയോഗിക്കുന്നതെന്ന് (ഇതിലെന്ത് കല എന്നു ചോദിക്കുന്നവരുണ്ടാകാം. അതു വേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്. ) ചുരുക്കത്തിൽ കാഴ്ചക്കാരന്റെ കൂടെ പങ്കാളിത്തത്തോടുകൂടെയാണ് ഇൻസ്റ്റലേഷൻ ആർട്ട് പൂർണ്ണതയിലെത്തുന്നതെന്ന് സാരം.
shop dropping by Zoë Sheehan Saldaña
 
യൂറോപ്പിലും മറ്റു പലയിടങ്ങളിലും സ്ട്രീറ്റ് ആർട്ട്, ഗ്രാഫിറ്റി തുടങ്ങിയ പബ്ലിക് ആർട്ട്  രൂപങ്ങളിലൂടെ കല കൂടുതൽ ജനകീയമായിത്തീർന്നിട്ടുണ്ട്.  പബ്ലിക് ആർട്ടിൽ ഇരുദിശകളിൽ നിന്നുമുള്ള ഇടപെടലുകൾ കൂടുതലാവാതെ തരമില്ലല്ലോ. നിരന്തരമുള്ള ഇത്തരമുള്ള ഇടപെടലുകളിലൂടെ സമൂഹത്തിലെ വിവിധതരം സംഘർഷങ്ങളും സംവാദങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുന്ന ഒരു വ്യവഹാരമണ്ഡലം രൂപം പ്രാപിക്കുകയും സമൂഹത്തിൽ ഒരു കൾച്ചറൽ സ്പേസ് രൂപപ്പെട്ടു വരികയും ചെയ്യുന്നു. കൂലിപ്പണിക്കാരനും വഴിവാണിഭക്കാരനും കൂടെ ഇടം നൽകുന്ന (നേരിട്ട് കലാനിർമ്മിതിയിൽ ഭാഗവാക്കാവുന്നില്ലെങ്കിൽ തന്നെയും) ഒരു സ്പേസാണ് അത് സൃഷ്ടിക്കുന്നത്. തന്റെ ചുറ്റുവട്ടത്ത് പലരൂപങ്ങളിൽ നിറഞ്ഞു നിൽകുന്ന കലയെക്കുറിച്ച് അവർ ബോധവന്മാരാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഇപ്രകാരം രൂപപ്പെട്ടുവന്ന ആ ഒരു കലാസംസ്കാരത്തിലേക്ക് നമുക്കും നീങ്ങേണ്ടതുണ്ട്.

 ****************

ബിനാലെ പോലെയുള്ള സംരഭങ്ങൾ ചുരുക്കം ചിലർക്കു മാത്രമേ ആസ്വദിക്കാനാവൂ, അതുകൊണ്ട് അതിനായി സ്റ്റേറ്റ് നികുതിപ്പണം ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പലയിടങ്ങളിലും ഉയർന്നു കണ്ടു. കലാകാരന്മാർ വീട്ടിലിരുന്ന് നാലു പടം വരച്ചതുകൊണ്ടോ, ലളിത കലാ അക്കാദമി കൊല്ലത്തിൽ രണ്ടോ മൂന്നോ ചിത്രകലാ ക്യാമ്പുകൾ നടത്തിയതുകൊണ്ടോ ഒരു നല്ല ദൃശ്യസംസ്കാരം നമുക്ക് രൂപപ്പെടുത്തിയെടുക്കാൻ പറ്റില്ല. അതിനു സ്റ്റേറ്റിന്റെ പിന്തുണകൂടെ ആവശ്യമാണ്. ഇത് കലയെ പരിപോഷിപ്പിക്കുന്നതിന്റെ പ്രശ്നം മാത്രമല്ല, കലാകാരന്റെ ആവിഷ്കാരസ്വാതന്ത്യവും സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്. ചെറിയ ഒരുദാഹരണം പറയാം. 1993ൽ വാഷിങ്ടൺ സ്റ്റേറ്റ് ഹൗസിൽ നിന്നും മൈക്കൽ സ്പാഫോർഡിന്റെ 'the twelve labours of hercules' എന്ന ചുമർ ചിത്രം അശ്ലീതയുടെ പേരിൽ നീക്കം ചെയ്തനിനെതിരെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ അവിടെ കലാവസ്തുക്കൾക്ക് നിയമ പരിരക്ഷവരെ വന്നു. (കലാവസ്തുകൾ അമൂല്യമായ സമ്പത്താണെന്നും 1991നു ശേഷമുള്ള ജീവിച്ചിരിക്കുന്ന ഏതു കലാകാരന്റെ സൃഷ്ടിയുടെ മേലും കൈവെക്കാനോ നശിപ്പിക്കാനോ ഈ നിയമം മൂലം കഴിയില്ല (!!!) കലയുടെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാവുമല്ലോ അതിനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ആ സമൂഹം നിശ്ചയിക്കുന്നത്. ഇത്തരത്തിൽ ഒരു സാംസ്കാരിക നയമോ നിയമങ്ങളോ നമുക്കില്ലാത്തതു കൊണ്ടാണ് ഒരു ജനാധിപത്യ രാജ്യമായിട്ടുകൂടെ മതം സദാചാരം, ലൈംഗിക തുടങ്ങിയ സെൻസിറ്റീവ് ആയ ഇഷ്യൂകളിൽ എന്തെങ്കിലും കൈവെക്കാൻ പാശ്ചാത്യരേക്കാൾ കൈ വിറക്കുക ഇൻഡ്യക്കാരനു തന്നെയാവുന്നത്. കല എന്നത് (ഏതു കലാരൂപമായാലും) ഒരു സമൂഹത്തിന്റെ ചരിത്രം, ഓർമ്മ, സംഘർഷങ്ങൾ തുടങ്ങിയ ഒട്ടനേകം കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടുന്ന സാംസ്കാരികമായ ഒരു പൊതുഇടമാണ്. അതു കലാകാരന്റെ മാത്രം സ്വകാര്യമേഖലയല്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ നികുതിപ്പണം അതിനുവേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ഞാൻ പഞ്ചായത്തു ഗ്രൗണ്ടിൽ പന്തുകളിക്കാൻ പോകാറില്ല എന്ന കാരണം കൊണ്ട് എന്റെ നികുതി അത്രയും കുറച്ചുതരണമെന്ന് പറയാനാവില്ലല്ലോ.

സ്കൂൾ തലത്തിൽ തന്നെ കല കുട്ടികൾക്ക് ഇൻട്രൊഡ്യൂസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മുടെ കോടതികൾ വരെ എടുത്തുപറഞ്ഞിട്ടുണ്ട്.  ഡ്രോയിങ് മാഷെ നിയമിച്ച് ചുമ്മാ പടം വരപ്പിക്കലല്ല, ആർട്ട് ഹിസ്റ്ററി തന്നെ കരിക്കുലത്തിൽ ചേർക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി. യൂറോപ്പിലെയും മറ്റും സ്കൂൾ കരിക്കുലം എടുത്തുനോക്കിയാലറിയാം ശാസ്ത്രവും ഗണിതവും ഒക്കെ പോലെത്തന്നെ പ്രാധാന്യത്തോടെ അവർ കുട്ടികൾക്ക് കലാചരിത്രവും പറഞ്ഞുകൊടുക്കുന്നുണ്ട്. ഗ്യാലറികൾ, മ്യൂസിയങ്ങൾ, അങ്ങനെ ഒട്ടനവധികാര്യങ്ങൾ ഇവിടെ ഉണ്ടാവേണ്ടതുണ്ട്. എന്നാലേ ഈ ബിനാലെകളെക്കൊണ്ടൊക്കെ കാര്യമായ എന്തെങ്കിലും ഗുണമുണ്ടാവുള്ളൂ. മേൽപ്പറഞ്ഞ ട്രെയിനിങ് ഒന്നും ഇല്ലാത്ത ഒരു സമൂഹം കലയോട് പുറം തിരിഞ്ഞു നിൽകുന്നത് പൂർണ്ണമായും ജനങ്ങളുടെ തെറ്റല്ല. പക്ഷെ, ഇപ്പറഞ്ഞ സൗകര്യമൊക്കെ ഇനി ഉണ്ടായി വന്നിട്ടേ (അതിനു നികുതിപ്പണം ഉപയോഗിക്കാനും പാടില്ല:) ഞാൻ കല ആസ്വദിക്കൂ എന്ന് വിചാരിച്ചിരുന്നാൽ തനിക്കു തന്നെ ദോഷം എന്നതുകൊണ്ട് ഇതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടണമെന്നുണ്ടെങ്കിൽ കുറേയൊക്കെ സ്വയം എഫേർട്ട് എടുക്കുകയേ നിവൃത്തിയുള്ളൂ.

For further reading:
Installation Art -Claire Bishop, Tate Publishing(2005)

From Margin to Center: The Spaces of Installation Art-Julie Reiss (1999)

Understanding Installation Art: From Duchamp to Holzer,Mark Rosenthal,(2003)

No comments: